Saturday, January 12, 2008

ഞാനിനി ക്രിക്കറ്റ്‌ കാണില്ല.


"ഞാനിനി ക്രിക്കറ്റ്‌ കാണില്ല." നിരാശയോടെ ഞാന്‍ പ്രഖ്യാപിച്ചു.
വീട്ടില്‍ അതൊരത്ഭുതമായി.
എണ്റ്റെ ഭാര്യ ഒരു ദീര്‍ഘനിശ്വാസം വിട്ടു: "ഈശ്വരാ, നീയെണ്റ്റെ പ്രാര്‍ഥന കേട്ടു. "

പ്രഖ്യാപനകാരണം അവള്‍ ചോദിച്ചില്ല. ആവളങ്ങിനെയാണ്‌. കാരണങ്ങള്‍ പലതും അവള്‍ക്കറിയണ്ട. എന്നലും ഈ ക്രിക്കറ്റു ഭ്രാന്തന്‍ നന്നായീലോ എന്നാവും ആവള്‍ വിചാരിച്ചിരിക്കുക. വിശാലമനസ്ക. അവള്‍ ചെയ്യാത്ത വഴിപാടുകളില്ല. എങ്ങിനെചെയ്യാതിരിക്കും?

ക്രിക്കറ്റെനിക്ക്‌ സ്ത്രീധനമായി കിട്ടിയതാണ്‌. കല്യാണത്തിനുമുന്‍പ്‌ കളികളൊന്നും എനിക്ക്‌ വശമില്ലായിരുന്നു. കുട്ടിയായിരുന്നപ്പൊള്‍ കളിച്ചിരുന്ന ഒരേ ഒരു കളി കബഡിയായിരുന്നു. വാശിയേറിയ കളി. പല സാഹസങ്ങളും ഞങ്ങള്‍ കാണിച്ചിരുന്നു. അത്തരം ഒരു സാഹസത്തിനിടയില്‍ എണ്റ്റെ കാല്‍മുട്ടുപൊട്ടി. ഭൂമിയില്‍ നിന്നും കിളിര്‍ത്തുനിന്ന ആ കല്ല്‌ കളിക്കിടയില്‍ കണ്ടില്ല. പിടിയും വലിക്കും ഇടയില്‍ എണ്റ്റെ മുട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരേക്കര്‍ മാംസം പറിഞ്ഞു തൂങ്ങി. മുതിര്‍ന്ന പിള്ളേരും സാറും എന്നെ സര്‍ക്കാരാശൂപത്രിയില്‍ എത്തിച്ചു. ഡോക്ടറായിരുന്നു അടുത്ത വില്ലന്‍‍. ക്ളൊറൊഫൊം പോലും മണപ്പിക്കാതെ പഹയന്‍ എണ്റ്റെ മുട്ടുതുന്നിക്കെട്ടി. അഞ്ചു തുന്നല്‍.
"ഏണ്റ്റമ്മച്ചിയേ ......" ഞാനലറി വിളിച്ചു.

കൊല്ല പാരീക്ഷയായിരുന്നു. കാലുമടക്കാന്‍ പറ്റില്ല. അമ്മാവന്‍ സൈക്കിളില്‍, ഒരു കാല്‍ ബാറില്‍ കെട്ടിവച്ച്‌ ഉന്തി കൊണ്ടുപോയി, ക്ളാസ്സില്‍ എടുത്തുകൊണ്ടിരുത്തി, പരീക്ഷ എഴുതി പാസായി. അങ്ങിനെ കബഡി കളിയും പരീക്ഷ എഴുത്തും ആയി അത്യാഹിതങ്ങള്‍ സംഭവിക്കതെ ആറും എഴും കടന്ന്‌ എട്ടിലെത്തി.

കബഡി കളി, ക്ളാസ്സിണ്റ്റെ ഇടതുവശത്തിരിക്കുന്നവരും വലതുവശത്തിരിക്കുന്നവരും തമ്മിലായിരുന്നു. എട്ടാംക്ളാസ്സുവരെ ആണുങ്ങള്‍മാത്രമായിരുന്നു ഞങ്ങളുടെ ക്ളാസ്സില്‍. എട്ടില്‍ സംഗതി മാറി. സ്ത്രീ ജനങ്ങള്‍ വന്നു. ക്ളാസ്സിണ്റ്റെ ഇടതുവശത്തവരിരുന്നു. തറവാടികളായ ആണുങ്ങള്‍ക്കുപറ്റിയ പണിയല്ല പെണ്ണുങ്ങളെ വെല്ലുവിളിക്കല്‍. കളിക്കളത്തില്‍ ഓളുമാരുമായി പൊരുതുന്നതും ഓന്‌ ക്ഷീണാണ്‌. ഇടതും വലതുമല്ലാതെ എന്തര്‌ മത്സരം?

പോരാഞ്ഞതിന്‌ കാക്കൊല്ല പ്പരീക്ഷ കഴിഞ്ഞപ്പൊഴേക്കും അമ്മ രണ്ട്‌ മല്‍മലിണ്റ്റെ മുണ്ടു വാങ്ങി തന്ന്‌ ഉടുപ്പിച്ചു. മുണ്ടുടുത്ത്‌ കബഡി കളിച്ചാല്‍ വിവരമറിയും. അങ്ങിനെ എണ്റ്റെ കബഡി കളി നിന്നു.

കല്യാണം കഴിഞ്ഞ്‌ കമ്പനി ക്വാട്ടേഴ്സിലായിരുന്നു താമസം. വെസ്റ്റ്ണിണ്റ്റെ എട്ടു ചാനലുള്ള കളര്‍ ടിവി ആയിരുന്നു അന്നുണ്ടായിരുന്നത്‌. റിമോട്ടില്ല. പഴയതായിരുന്നതിനാല്‍, രണ്ടുമണിക്കൂറ്‍ തുടര്‍ച്ചയായി ഓടിച്ചാല്‍, അബന്‍ വെട്ടും. പിന്നെ പോയി. എല്ലാം പോയി.....

ഭാര്യക്ക്‌ ക്രിക്കറ്റ്‌ കളി ബഹുത്തിഷ്ടം. അവളുടെ ഇളയ സഹോദരന്‍, ലോക്കല്‍ ക്ളബില്‍ കളിച്ച്‌ മിടുക്കനായവനാണ്‌. കളി ജയിപ്പിച്ചിരുന്നവന്‍. ആള്‍റൌണ്ടര്‍. ആവന്‌ അഞ്ചാംവയസ്സുമുതല്‍ പന്തെറിഞ്ഞുകൊടുത്ത ക്രിക്കറ്റ്‌ പാരമ്പര്യമായിരുന്നു എണ്റ്റെ ഭാര്യക്ക്‌.

തത്സമയ കളി ടിവിയില്‍ കണ്ടുകൊണ്ടിരുന്ന ഭാര്യ പറഞ്ഞു: "ദേ ഇത്‌ വെട്ടിത്തുടങ്ങി. " വെട്ടിത്തുടങ്ങിയാല്‍, അരമണിക്കൂറിലും അബന്‍ വെട്ടും. ഓഫാക്കുക. അഞ്ചുനിമിഷം കഴിഞ്ഞ്‌ ഓണാക്കുക. വീണ്ടും അരമണിക്കൂറ്‍ ഓടും. ചാക്രിക പ്രവര്‍ത്തനം. ബൊറന്‍ പണി. എന്നാല്‍, പുതുമോടി ആയതിനാലും, സ്നേഹം കൊണ്ടും ഞാനാപ്പണി ഏറ്റെടുത്തു.

അങ്ങിനെ ടിവി റിമൊട്ടയാണ്‌, ക്രിക്കറ്റ്‌ ലോകത്തേക്ക്‌ എണ്റ്റെ രംഗപ്രവേശം. പിന്നെ കയറ്റം വേഗമായിരുന്നു. റിമൊട്ടുള്ള പുതിയ ടിവി വാങ്ങി. റിമോട്ടുപണി നിറുത്തി. എന്തിന്‌, കളിയുണ്ടേല്‍ പണിക്കു പോവാത്ത പരുവമായി. കുഡുംബസ്നേഹോള്ള ആരെങ്കിലും സഹിക്യോ? നിര്‍ഭാഗ്യവശാല്‍ എണ്റ്റെ ഭാര്യ ആ ഗണത്തില്‍ പെട്ടവളായിരുന്നു.

ആവള്‍ കളികാണല്‍ നിറുത്തി.
ഞാന്‍ കളി കാണുന്നതില്‍ പരിഭവമായി.
കരച്ചിലായി.
കലിയായി.
പച്ച്യായി.
ചുവപ്പായി.

ക്രിക്കറ്റ്‌ തലക്ക്‌ പിടിച്ചവന്‍ കുലുങ്ങിയില്ല.
അങ്ങിനെ അടുത്ത ഗണപതി കോവിലില്‍ അവള്‍ തേങ്ങ ഉടക്കാന്‍ തുടങ്ങി. നൂറ്റൊന്നു തികഞ്ഞപ്പോള്‍ ഫലം കണ്ടു.

ബക്നറും കൂട്ടരും കളിക്കളത്തില്‍ക്കേറി കളിക്കാന്‍ തുടങ്ങി.
ഗ്യലറിയിലിരുന്ന അമ്പയറും കളിച്ചു.
നിഷ്ക്രിയനായിരുന്ന മാല്‍ക്കം സ്പീഡും കളിച്ചു തുടങ്ങി.
ഇവരൊക്കെ കളിച്ചാല്‍ ആസ്ത്രേലിയ ജയിക്കും. കട്ടായം.

പിന്നെന്ത്‌ കളി? പിന്നെന്ത്‌ ത്രില്‍?

1 comment:

വിന്‍സ് said...

ഹഹഹ നല്ല രസമുള്ള എഴുത്ത്.